കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളില്‍ സ്കൂള്‍ നയങ്ങള്‍ക്കു വിരുദ്ധമായി മുസ്ലിം വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചു വന്ന വിഷയത്തില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നല്കിയ നോട്ടീസിനെതിരേ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
സ്കൂളില്‍ തുടര്‍പഠനത്തിന് വിദ്യാര്‍ഥിനിക്കു താത്പര്യമില്ലെന്നും പ്രശ്നം വലുതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നോട്ടീസ് നിയമവിരുദ്ധവും വാസ്തവ വിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് വി.ജി. അരുണ്‍ തീര്‍പ്പാക്കിയത്.
വിഷയത്തില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും സന്യസ്തര്ക്കുമെതിരേ വ്യാപകമായ അപവാദ-വിദ്വേഷ പ്രചാരണങ്ങൾ ദിവസങ്ങളായി നടന്നുവരികയായിരുന്നു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്കൂളിനു നല്കിയ നോട്ടീസും തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണു സ്കൂള്‍ അധികൃതർ ഹര്‍ജി നല്‍കിയത്. സ്കൂളിനു പോലീസ് സംരക്ഷണം നല്കാന് കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. സ്കൂള്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അന്തിമവിധി വരുന്നതുവരെ സ്കൂളിനെതിരേ നടപടികള്‍ പാടില്ലെന്നു സംസ്ഥാന വിദ്യാഭ്യാസവകുപ്പിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സിബിഎസ്ഇ സ്കൂളില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് അധികാരം സാധ്യമാണോയെന്നും കോടതി ചോദിച്ചിരുന്നു.
തുടര്‍ന്ന് ഇന്നലെ നടന്ന വാദത്തിനിടെയാണു വിദ്യാര്‍ഥിനി സ്കൂളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിഭാഷകന് അറിയിച്ചത്. സ്കൂളിനെതിരേ മറ്റു നടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. മറ്റു വാദങ്ങളിലേക്ക് കൂടുതല്‍ കടക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തില്‍ ഹര്‍ജി അവസാനിപ്പിക്കുകയായിരുന്നു.
തനിക്കു ലഭിച്ചതും കോണ്‍വന്റ് സ്കൂളിലെ വിദ്യാഭ്യാസമാണെന്നും സിസ്റ്റര്‍മാരുടെ സേവനങ്ങള്‍ തനിക്കു മനസിലാകുമെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ പറഞ്ഞു. വിദ്യാര്‍ഥിനിയുടെ സ്വന്തം ഇഷ്ടപ്രകാരം സ്കൂള്‍ വിട്ടുപോകുന്നതായി രേഖപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപകമായ സൈബര്‍ ആക്രമണവും തെറ്റായ വാര്‍ത്തകളുടെ പ്രചരണവും സ്കൂളിനും പ്രിന്‍സിപ്പലായ സന്യാസിനിക്കും സ്കൂളിന്റെ അഭിഭാഷകയ്ക്കെതിരേയും നടന്നിരുന്നു. അഭിഭാഷകയ്ക്കെതിരേ ബാര്‍ കൗണ്‍സിലില്‍ ചിലര്‍ പരാതി നല്കുകയുമുണ്ടായിരുന്നു. വ്യാജ വാര്‍ത്തകള്‍ നല്കി രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഇത്തരം വിവാദങ്ങള്‍ ഉപയോഗിക്കരുതെന്നും സൈബര്‍ ആക്രമണങ്ങള്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു.
പ്രശ്നം പരിഹരിക്കാനായതില്ആശ്വാസം: സ്കൂള്‍ മാനേജ്മെന്റ്
ഒരു വിദ്യാര്‍ഥിനി സ്കൂളില്‍നിന്നു മാറിപ്പോകുന്നതില്‍ വിഷമമുണ്ടെന്ന് സ്കൂള്‍ മാനേജ്മെന്റ്. എങ്കിലും അവരുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും കോടതി ഇടപെടലില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.